ന്യൂഡെൽഹി: ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലാണ് ബിപിൻ റാവത്തും സംഘവും യാത്ര ചെയ്‌തിരുന്ന ഹെലികോപ്‌ടർ തകർന്നുവീണത്. 11 പേരാണ് അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്‌ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സംഘം യാത്ര ചെയ്‌തത്.
ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടറിൽ ആയിരുന്നു യാത്ര. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്‌ത സേനാ മേധാവിയായി ചുമതലയേറ്റത്.
പ്രതിരോധ മന്ത്രിയുടെ പ്രധാന ഉപദേഷ്‌ടാവായിരുന്നു ബിപിൻ റാവത്ത്. വലിയ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്‌ത സേനാ മേധാവിയായി കേന്ദ്ര സർക്കാർ ബിപിൻ റാവത്തിനെ നിയമിച്ചത്. നിയമനത്തെ എതിർത്തും അനുകൂലിച്ചും നിരവധി വാദപ്രതിവാദങ്ങൾ നടന്നിരുന്നു. കരസേനാ മേധാവിയായി വിരമിക്കാനിരിക്കെ പ്രായപരിധി ഉൾപ്പടെ ഭേദഗതി ചെയ്‌ത് സുപ്രധാന പദവിയിൽ ബിപിൻ റാവത്തിനെ കേന്ദ്ര സർക്കാർ നിയമിച്ചതും വലിയ വിവാദമായിരുന്നു.
2015ൽ നാഗാലാൻഡിൽ നടന്ന ഒറ്റ എൻജിൻ ഹെലികോപ്‌ടർ അപകടത്തിൽ നിന്ന് അൽഭുതകരമായാണ് ബിപിൻ റാവത്ത് രക്ഷപ്പെട്ടത്. പരമവിശിഷ്‌ട സേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Most Read| യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാർ; വ്ളാഡിമിർ പുട്ടിൻ