ആലപ്പുഴ: ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചേർത്തല മുഹമ്മ പഞ്ചായത്തിലെ നാലാം വാർഡിലാണ് രോഗം സ്‌ഥിരീകരിച്ചത്. പ്രദേശത്ത് കാക്കകളെ ചത്ത് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിൽ മറ്റത്തിൽ വെളിയിൽ വീട്ടിൽ കത്രീനാമ്മയുടെ കോഴി ഫാമിലും രോഗം സ്‌ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്. അതേസമയം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്‌ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
വെറ്ററിനറി സർവകലാശാലയിലെ ശാസ്‌ത്രജ്‌ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലാബിലെ വിദഗ്‌ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. രണ്ടാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ
1. കാക്കകളിലും മറ്റു പറവകളിലും വളർത്ത് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക
2. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവരെയോ കൈകാര്യം ചെയ്യരുത്
3. കാക്കകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ പൊതുനിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്.
4. ഫാമുകളിലും കോഴിവളർത്തൽ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണം.
5. നന്നായി പാചകം ചെയ്‌ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
6. പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കരുത്
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ