ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഡെൽഹി മന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അതിഷിക്ക് ഡെൽഹി കോടതി സമൻസ് അയച്ചു. ബിജെപി ഡെൽഹി മീഡിയ സെൽ തലവൻ പ്രവീൺ ശങ്കർ കപൂർ നൽകിയ കേസിലാണ് നടപടി. നാളെ ഹാജരാകാനാണ് നിർദ്ദേശം.
എഎപി എംഎൽഎമാരെ കൈക്കൂലി നൽകി സ്വാധീനിക്കാനും വേട്ടയാടാനും ബിജെപി ശ്രമിച്ചെന്ന ആരോപണത്തിന് എതിരെയാണ് പ്രവീൺ കോടതിയിൽ ഹരജി നൽകിയത്. ബിജെപിയിൽ ചേരാൻ തന്നെ നിർബന്ധിക്കുന്നെന്നും അല്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ഇഡിയെ കൊണ്ട് അറസ്‌റ്റ് ചെയ്യിപ്പിക്കുമെന്ന് ഭീഷണിയുണ്ടെന്നും അതിഷി ആരോപിച്ചിരുന്നു.
സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് എന്നിവരെയും അറസ്‌റ്റ് ചെയ്യാൻ ബിജെപി പദ്ധതിയിടുന്നുണ്ടെന്നും അതിഷി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, പരാമർശം ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്നും അതിഷി പരാമർശം പിൻവലിക്കണമെന്നും ടിവിയിലൂടെയും മാദ്ധ്യമത്തിലൂടെയും മാപ്പ് പറയണമെന്നും പ്രവീൺ ശങ്കർ ഹരജിയിൽ ആവശ്യപ്പെട്ടു.
കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രതിചേർത്തിരുന്നു. ബിജെപി ഏഴ് എംഎൽഎമാരെ ബന്ധപ്പെട്ടെന്നും പാർട്ടി മാറാൻ 25 കോടി വാഗ്‌ദാനം ചെയ്‌തെന്നുമുള്ള കെജ്‌രിവാളിന്റെ സോഷ്യൽ മീഡിയ പോസ്‌റ്റിനെ കുറിച്ചും ഹരജിയിൽ പറയുന്നുണ്ട്. ഏപ്രിൽ 30നാണ് പ്രവീൺ പരാതി നൽകിയത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!