ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവ് ഗുൽഫാം സിങ് യാദവിനെ (60) വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ തിങ്കളാഴ്‌ചയാണ് സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിങ്ങിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.
വിഷം കുത്തിവെച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. നേതാവിനെ സന്ദർശിക്കാനെന്ന പേരിലാണ് അക്രമികൾ ഫാമിൽ എത്തിയത്. സുഖവിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെ ഇദ്ദേഹത്തിൽ നിന്ന് വെള്ളം വാങ്ങി കുടിക്കുകയും ചെയ്‌തു. വെള്ളം നൽകിയതിന് പിന്നാലെ മുറിയിൽ വിശ്രമിക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികൾ വിഷം കുത്തിവെയ്‌ക്കുകയായിരുന്നു.
പിന്നാലെ വേദനകൊണ്ട് നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവ സ്‌ഥലത്ത് നിന്നും ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്‌ഥർ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്‌പി കൃഷ്‌ണകുമാർ ബിഷ്‌ണോയ് പറഞ്ഞു.
2004ൽ ഗുനൗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്‌പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി ടിക്കറ്റിൽ യാദവ് മൽസരിച്ചിരുന്നു. ബിജെപിയിൽ നിരവധി പദവികളും വഹിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചതായും ഗുനൗർ സർക്കിൾ ഓഫീസർ ദീപക് തിവാരി പറഞ്ഞു.
Most Read| റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം; സമാധാനം പുലരുമോ?