കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയായിരുന്നു നൂറോളം വരുന്ന ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്.
കോവിഡിന്റെ പാശ്‌ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിന് മമതാ ബാനർജി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി മാർച്ച് നടത്തിയത്. “പോലീസ് ഞങ്ങളുടെ പ്രവർത്തകർക്കു നേരെ ലാത്തിചാർജ് നടത്തുന്നു. ഖിദിർപൂർ ഭാഗത്ത് നിന്ന് കല്ലേറ് നടക്കുന്നു. പോലീസിന് അത് കാണാൻ കഴിയുന്നില്ലേ?”- ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി ചോദിച്ചു.
അതേസമയം, അണുവിമുക്‌തകം ആക്കുന്നതിന്റെ ഭാഗമായി മമത ബാനർജിയുടെ ഓഫീസ് ഉൾപ്പെടെ സ്‌ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് ഇന്ന് അടച്ചിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭയം മൂലമാണ് ഇന്നേ ദിവസം സെക്രട്ടേറിയറ്റ് അടച്ചിട്ടതെന്ന് ബിജെപി ആരോപിച്ചു.
Also Read: ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു
കോവിഡ് വ്യാപന സമയത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിലെ ഔചിത്യത്തെ കുറിച്ചുള്ള ചോദ്യത്തിന്, “എല്ലാ പ്രവർത്തകരും മാസ്‌ക് ധരിക്കുന്നുണ്ട്. നിയമങ്ങൾ ഞങ്ങൾക്ക് മാത്രമാണോ? മമതജി ആയിരക്കണക്കിന് പ്രകടനങ്ങൾ നടത്തുന്നു, ഞങ്ങളെ സാമൂഹിക അകലത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു. അതേ നിയമങ്ങൾ അവർക്ക് ബാധകമല്ലേ?” എന്നായിരുന്നു ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ മറുപടി.







































