പട്‌ന: ബിഹാർ മുഖ്യമന്ത്രിയും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ നിതീഷ് കുമാറിന്റെ വിമർശകൻ ലോക് ജനശക്‌തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി. കർണാടകയിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യയാണ് എൻഡിഎയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാറിനെതിരെ ഒറ്റക്ക് മൽസരിക്കുന്ന എൽജെപിയുടെ നേതാവിനെ പ്രശംസിച്ചത്. ചിരാഗ് പാസ്വാൻ ഊർജസ്വലനായ വ്യക്‌തിയാണെന്നും തന്റെ പ്രത്യേക സുഹൃത്താണെന്നും ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെത്തിയ തേജസ്വി സൂര്യയുടെ പ്രസ്‌താവന.
“ചിരാഗ് പാസ്വാൻ വളരെ ഊർജസ്വലനായ നേതാവാണ്. പാർലമെന്റിൽ അദ്ദേഹം സ്‌ഥിതിവിവര കണക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ബിഹാറിലെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്. അദ്ദേഹം അറിയപ്പെടുന്ന യുവനേതാവും എന്റെ ഒരു പ്രത്യേക സുഹൃത്തുമാണ്, അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു”,- തേജസ്വി സൂര്യ പറഞ്ഞു. പാസ്വാൻ തന്റെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എൽജെപിയും ചേർന്ന് നിതീഷ് കുമാർ ഇല്ലാത്ത സർക്കാർ രൂപീകരിക്കുമെന്ന ചിരാഗ് പാസ്വാന്റെ അവകാശവാദത്തിൽ ചില സത്യങ്ങൾ ഉണ്ട് എന്നതാണോ, എംപിയുടെ ഇപ്പോഴത്തെ പ്രസ്‌താവനയുടെ അർഥം എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്‌തമായ മറുപടി പറഞ്ഞില്ല.
Also Read: ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം
അതെല്ലാം തെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യമല്ലേ എന്നായിരുന്നു ഈ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ബിഹാറിൽ എൻ.ഡി.എ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നും നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, ബുധനാഴ്‌ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കുക. നവംബർ 10നാണ് ഫലപ്രഖ്യാപനം.
ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് പാർട്ടികൾ അടങ്ങുന്ന മഹാസഖ്യമായ മഹാഗദ്ബന്ധൻ ആണ് ബിജെപി, ജെഡിയു, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്‌ഥാനി അവാം മോർച്ച (എച്ച്എഎം), വികാശീൽ ഇൻസാൻ പാർട്ടി എന്നീ പാർട്ടികൾ ഉൾക്കൊള്ളുന്ന എൻഡിഎക്കെതിരെ മൽസരിക്കുന്നത്. നിതീഷ് കുമാറിനോടിടഞ്ഞ ചിരാഗ് പാസ്വാന്റെ എൽജെപി പിടിക്കുന്ന വോട്ടുകളും ഇക്കുറി ഏറെ നിർണ്ണായകമാകും.
Also Read: ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും