കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ബ്ളാക്ക് ഫംഗസും രാജ്യത്ത് ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ 10 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലേക്കുള്ള മരുന്ന് ഉടൻ തന്നെ എത്തിക്കും. കൂടുതൽ രോഗികൾ ഇവിടേക്ക് ചികിൽസക്ക് എത്തുന്നത് കൊണ്ടാണ് അടിയന്തിരമായി മരുന്ന് എത്തിക്കാൻ ജില്ലാ കളക്‌ടർ വിളിച്ച് ചേർത്ത യോഗത്തിൽ ധാരണയായിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ 5 പേരും മറ്റു ജില്ലക്കാരായ 3 പേരുമാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. ചികിൽസയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഇതിൽ ഒരാൾ രണ്ടുതവണ കോവിഡ് പോസിറ്റീവായ ശേഷം നെഗറ്റീവായതാണ്. മൂന്നാമതൊരാൾക്ക് ആന്റിജൻ ടെസ്‌റ്റിൽ നെഗറ്റീവായതിനെ തുടർന്ന് ആർടിപിസിആർ പരിശോധനക്ക് അയച്ചിട്ടുണ്ട്.
രോഗം സ്‌ഥിരീകരിച്ചവരിൽ 4 പേർക്ക് കാഴ്‌ച നഷ്‌ടമായി. ആറുപേരെ വരുംദിവസങ്ങളിൽ ശസ്‌ത്രക്രിയക്ക് വിധേയരാക്കും. രോഗം ബാധിച്ചവരിൽ പലരും നേരത്തെ കോവിഡ് പോസിറ്റീവായവരാണ്. നെഗറ്റീവ് ആകുമ്പോഴാണ് ശസ്‌ത്രക്രിയ നടത്തുക. ശസ്‌ത്രക്രിയക്ക് വിധേയമാക്കിയാൽ മാത്രമേ കണ്ണിന്റെ ഞരമ്പുകളെ എത്രമാത്രം രോഗം ബാധിച്ചുവെന്ന് പറയാനാകൂ. ഇതനുസരിച്ചാണ് കണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളുവെന്ന് ഇഎൻടി വിഭാഗം ഡോക്‌ടർമാർ അറിയിച്ചു.
Read also: 50 ശതമാനം ആളുകളും രാജ്യത്ത് മാസ്‌ക് ധരിക്കുന്നില്ല; റിപ്പോർടുകൾ പുറത്ത്








































