കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയതെന്ന് അസിസ്‌റ്റന്റ് കമ്മീഷണർ സിപി സദാനന്ദൻ അറിയിച്ചു. അക്ഷയ് ആണ് ബോംബ് എറിഞ്ഞതെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലപാതകം, സ്‌ഫോടക വസ്‌തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അക്ഷയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ സികെ റുജുല്‍, സനീഷ്, ജിജില്‍ എന്നിവരെ കൂടി അക്ഷയ്‌ക്കൊപ്പം പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. മിഥുൻ എന്നയാളെകൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്‌ണുവിനും അക്ഷയ്‌ക്കും പുറമെ മിഥുനും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മിഥുനടക്കം നാല് പേർക്ക് ബോംബാക്രമണത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന. പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.
തോട്ടടയിൽ ഉള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്‌ണുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പിടിയിലായവർ പോലീസിന് നൽകിയ മൊഴി. വിവാഹം കഴിഞ്ഞ് തോട്ടടയിൽ എത്തിയവരുടെയെല്ലാം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അക്രമി സംഘം വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്‌ണുവാണ് ബോംബേറിൽ മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റിരുന്നു.
ജിഷ്‌ണുവിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. വിവാഹത്തലേന്ന് ഏച്ചൂരില്‍ വരന്റെ വീട്ടില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.
Most Read: സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി










































