കൊച്ചി: സാങ്കേതികവിദ്യകൾ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹ സ്‌ഥാപകൻ ബോസ് കൃഷ്‌ണമാചാരി. അതിനാൽ, ഗൂഗിൾ ഗ്ളാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് പുതിയ തലമുറ അമിത ഭ്രമം കാണിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് ‘സർഗാൽമകഥയിൽ നയിക്കപ്പെടുന്ന ട്രില്ല്യൺ ഡോളർ സ്വപ്‌നം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌റ്റീവ് ജോബ്‌സ് ആപ്പിൾ തുടങ്ങിയപ്പോൾ ആദ്യം ക്ഷണിച്ചത് കമ്പ്യൂട്ടർ എഞ്ചിനിയറെയല്ല, ലണ്ടനിൽ നിന്നുള്ള ജൊനാഥൻ പോൾ എന്ന ഡിസൈനറെയാണ്’- കലയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ബോസ് കൃഷ്‌ണമാചാരി പറഞ്ഞു.
നല്ലൊരു ലോകം സൃഷ്‌ടിക്കുന്നതിന് സംസ്‌കാരം, ഡിസൈൻ, സാങ്കേതികവിദ്യ എന്നീ മൂന്ന് കാര്യങ്ങൾ അത്യാവശ്യമാണെന്ന് പറഞ്ഞ ബോസ് കൃഷ്‌ണമാചാരി, കാര്യക്ഷമമായ സർഗാൽമക ഇടപെടലിന് നാം എവിടെനിന്ന് വരുന്നു എന്ന ചിന്ത ആവശ്യമാണെന്നും വ്യക്‌തമാക്കി. ഭാവനാ ലോകത്തിനൊത്ത് വേഗത്തിൽ സഞ്ചരിക്കാൻ കാഴ്‌ചപ്പാട് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെ നടക്കുന്ന കലയുടെ ആഘോഷമായ കൊച്ചി ബിനാലെയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ ഗെയിമുകൾ ഭാവി സിനിമകളാകുമെന്നായിരുന്നു ഏഷ്യാ പസഫിക് ടെക്‌നികളർ ഗ്രൂപ്പ് ഡയറക്‌ടർ ബീരേൻ ഘോഷിന്റെ അഭിപ്രായം. കഥാപാത്രങ്ങളെ നിങ്ങളുടെ ഇഷ്‌ടത്തിന് നിയന്ത്രിക്കാൻ കഴിയും. കുടുംബത്തോടൊപ്പമിരുന്ന് ഇത്തരം സിനിമകൾ ആസ്വദിക്കുന്ന കാലം വരും. ഗെയിമുകളുടെ ഭാവി അതാണെന്നും ബീരേൻ ഘോഷ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യക്കാർ മറ്റുള്ള രാജ്യങ്ങളുടെ മാർക്കറ്റിന് വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത് കർണാടക മുൻ ശാസ്‌ത്ര സാങ്കേതിക മന്ത്രി ഡോ. അശ്വന്ത് നാരായൺ അഭിപ്രായപ്പെട്ടു. എന്നാൽ, നമ്മുടെ മാർക്കറ്റ് ഏതാണെന്ന് നാം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ജെൻ സി, മില്ലേനിയൽസ് എന്നിവരെപ്പോലെ ബേബി ബൂമേഴ്‌സ് അത്ര ആവേശഭരിതരല്ലെന്നും അതിന് കാരണം ബേബി ബൂമേഴ്‌സ് ടെക്‌നോളജിയുടെ ലോകത്തേക്കാണ് പിറന്ന് വീഴുന്നതെന്നും ടാറ്റ കൺസൾട്ടൻസിയുടെ ഡിസൈൻ ഡയറക്‌ടറായ കവിത കല്യാൺ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി