ബ്രസീലിയ: പൊതുപരിപാടിക്കിടെ ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ബ്രസീലിയന്‍ പ്രസിഡണ്ട് ജെയ്ര് ബോള്‍സോനാരോക്ക് എതിരെ പിഴ ചുമത്തി ആരോഗ്യവകുപ്പ്. പ്രസിഡണ്ടിനെതിരെ അധികൃതര്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
നിയമം എല്ലാവര്ക്കും ബാധകമാണെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഫ്ളാവിയോ ഡിനോ ട്വീറ്റ് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പ്രസിഡണ്ടിന്റെ ഓഫീസ് തയ്യാറായില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
മാരന്‍ഹാവോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അസൈലാന്ഡിയയിലെ ഗ്രാമീണ മേഖലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബോള്‍സോനാരോ. എന്നാൽ ഇദ്ദേഹം മാസ്ക് ധരിച്ചിരുന്നില്ല. തുടർന്നാണ് പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം ബോള്‍സോനാരോയുടെ ഓഫീസിന് അപ്പീല്‍ നല്കാന് 15 ദിവസമുണ്ടെന്നും അതിനുശേഷമാകും പിഴ തുക നിശ്ചയിക്കുകയെന്നും ഗവർണർ ഡിനോ അറിയിച്ചു. സംസ്ഥാനത്ത് നൂറിലധികം ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചിട്ടുണ്ടെന്നും മുഖാവരണങ്ങൾ ധരിക്കുന്നത് നിര്‍ബന്ധമാണെന്നും ഗവർണർ ജനങ്ങളെ ഓര്‍മിപ്പിച്ചു.
അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തത് ബ്രസീലിലാണ്. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. മാരന്ഹാവോയിലും കോവിഡ് കേസുകൾ ദിനംപ്രതി കൂടുകയാണ്.
Read Also: ലോക്ക്ഡൗൺ ലംഘനം ആരോപിച്ച് മർദ്ദനം; കളക്ടറെ സസ്പെൻഡ് ചെയ്തു







































