പാലക്കാട്: ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ. ചിറ്റൂർ സിഐ പിആർ ലാലുവിനെയാണ് എക്സൈസ് കമ്മീഷ്ണർ എസ് ആനന്ദകൃഷ്ണൻ സസ്പെൻഡ് ചെയ്തത്. റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി പ്രശാന്തിനെ ആലപ്പുഴ നൂറനാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. ഇതോടെ പെർമിറ്റ് അഴിമതി ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഷനിലായി.
വിവിധ ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകാനുള്ള പെർമിറ്റ് ലഭിക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ മാസം മൂന്നിനാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി എം ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചിറ്റൂർ എക്സൈസ് സിഐ റേഞ്ച് ഓഫിസുകളിൽ റെയ്ഡ് നടത്തിയത്. റേഞ്ച് ഓഫിസുകളിൽ നിന്ന് 2,170 രൂപയും സിഐ ഓഫിസിൽ നിന്ന് 80,000 രൂപയും പിടിച്ചെടുത്തിരുന്നു.
തുടർന്ന് വിജിലൻസ് എക്സൈസ് കമ്മീഷണർക്കും വിജിലൻസ് ഡയറക്ടർക്കും അന്വേഷണ റിപ്പോർട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ എക്സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെ ചെന്താമര, സിവിൽ എക്സൈസ് ഓഫിസർ സി ഗിരീഷ് എന്നിവരെ ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. റെയ്ഡ് നടത്തുമ്പോൾ സിഐ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
Most Read: മരം മുറിക്കൽ ഉത്തരവ്; നിയമോപദേശം തേടി സർക്കാർ






































