കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ സഹോദരനും മരിച്ചു. പ്രമോദിനെയാണ് (60) ഇന്നലെ തലശ്ശേരിയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘം തലശ്ശേരിയിലേക്ക് പുറപ്പെട്ടു.
മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്‌പലത (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദിനെ സംഭവത്തിന് പിന്നാലെ കാണാനില്ലായിരുന്നു. പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സഹോദരിമാരുമായി പ്രമോദ് ഏറെ സ്‌നേഹത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
സഹോദരിമാരുടെ ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് മറ്റു വഴികൾ ഇല്ലാത്തതിനാലാകാം പ്രമോദ് കൊലപാതകം നടത്തിയതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരിമാർ മരിച്ചു എന്ന് പ്രമോദ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു.
ബന്ധുക്കൾ എത്തിയപ്പോൾ രണ്ട് മുറികളിൽ കട്ടിലിൽ മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച നിലയിലായിരുന്നു. മരണവിവരം വിളിച്ചറിയിച്ച പ്രമോദിനെ കാണാത്തതിനാൽ ബന്ധു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തടമ്പാട്ടുതാഴത്തെ വാടക വീട്ടിൽ താമസക്കാരാണ്. വിവാഹം പോലും കഴിക്കാതെ ജോലി ഉപേക്ഷിച്ച് വർഷങ്ങളായി സഹോദരിമാരെ പരിപാലിച്ചുകൊണ്ടിരുന്നയാളാണ് പ്രമോദ്.
Most Read| താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവും; കേരളം സുപ്രീം കോടതിയിൽ





































