കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 25 വർഷത്തോളം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിന് സമീപത്തെ ഓടു മേഞ്ഞ കെട്ടിടമാണ് പൊടുന്നനെ തകർന്നത്. രാത്രി 8.15 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കണ്ണഞ്ചേരി നടുവീട്ടിൽ രാമചന്ദ്രനാണ് (64) മരിച്ചത്.
രക്ഷാപ്രവർത്തകർ പുറത്തെടുത്ത് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപാ ഫാൻസി എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് രാമചന്ദ്രൻ. ഇദ്ദേഹത്തിന്റെ ഗോഡൗൺ ഈ കെട്ടിടത്തിലാണ്. കടയടച്ചശേഷം കെട്ടിടത്തിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also Read: വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍
കെട്ടിടത്തിന്റെ സ്ളാബിനടിയിൽ കുടുങ്ങിയ രാമചന്ദ്രനെ ജെ.സി.ബി. ഉപയോഗിച്ച് സ്ളാബ് പൊളിച്ചു നീക്കിയാണ് പുറത്തെടുത്തത്. ജില്ലാ കളക്‌ടർ എസ്. സാംബശിവറാവു, കൗൺസിലർ നമ്പിടി നാരായണൻ, ബി.ജെ.പി. സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.പി. വിജയകൃഷ്‌ണൻ തുടങ്ങിയവർ അപകട സ്‌ഥലം സന്ദർശിച്ചു.
കണ്ണഞ്ചേരി നടുവീട്ടിൽ പരേതരായ വേലായുധന്റെയും സാവിത്രിയുടെയും മകനാണ് മരിച്ച രാമചന്ദ്രൻ. അവിവാഹിതനാണ്. സഹോദരങ്ങൾ: എൻ.വി. മണി, സദാശിവൻ, ഗോപാലകൃഷ്‌ണൻ, മീന, പുഷ്‌പലത