ന്യൂഡെല്‍ഹി: മുസ്‌ലിം സൈനികരെ കുറിച്ചുള്ള വിദ്വേഷ പ്രചാരണം തടയണമെന്ന് അവശ്യപ്പെട്ട് വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനും കത്തയച്ചു. 120 ഓളം വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്‌തു. സേനയിലെ മുസ്‌ലിം ജവാന്‍മാരെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സജീവമായി നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
.
1965 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആര്‍മിയിലെ മുസ്‌ലിം റെജിമെന്റിനെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു. മുന്‍ നേവി ചീഫ് അഡ്‌മിറല്‍ എല്‍ രാംദാസ് ഉള്‍പ്പടെ ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയിലെ മുന്‍ ഓഫീസര്‍മാര്‍ കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പുവച്ചിട്ടുണ്ട്
ഇന്ത്യന്‍ സേനയില്‍ മുസ്‌ലിങ്ങള്‍ക്കായി പ്രത്യേക റെജിമെന്റുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ മുസ്‌ലിം സൈനികരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണെന്നും കത്തില്‍ പറയുന്നു.
Read also: വിവേക് ഒബ്‌റോയിയുടെ വസതിയില്‍ പോലീസ് പരിശോധന







































