ഒട്ടാവ: നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കെ, ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന ശക്‌തമായ തെളിവുകൾ ഇല്ലെന്ന് ട്രൂഡോ പ്രതികരിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇന്ത്യക്കെതിരായ ആരോപണമെന്നും ഫോറിൻ ഇന്റർഫിയറൻസ് കമ്മീഷന് മുമ്പാകെ ട്രൂഡോ തുറന്നുപറഞ്ഞു. നിജ്‌ജാർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം അവസാനിപ്പിച്ചാണ് ട്രൂഡോയുടെ തുറന്നുപറച്ചിൽ.
നരേന്ദ്രമോദി സർക്കാരിനെതിരെ പ്രവർത്തിക്കുന്ന കാനഡ പൗരൻമാരെ കുറിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ വിവരങ്ങൾ ശേഖരിച്ചുവെന്നും അത് സർക്കാരിലെ മുതിർന്നവർക്കും ലോറൻസ് ബിഷ്‌ണോയി പോലുള്ള സംഘങ്ങൾക്കും കൈമാറിയിട്ടുണ്ടെന്നും കമ്മീഷന് മുമ്പാകെ ട്രൂഡോ അവകാശപ്പെട്ടു.
വ്യക്‌തമായ തെളിവുകളൊന്നും ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്നും രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ, കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് അനുമാനിക്കാനാകുമെന്നും ട്രൂഡോ പറഞ്ഞു. അതേസമയം, ഇന്ത്യ ആവർത്തിച്ചുകൊണ്ടിരുന്നു കാര്യമാണ് ട്രൂഡോ ഇപ്പോൾ പറഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം അർധരാത്രി പുറത്തിറക്കിയ പ്രസ്‌താവനയിൽ പ്രതികരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തമ്മിലുള്ള ബന്ധം മോശമാകുന്നതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്‌ക്ക് മാത്രമായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ട്രൂഡോയുടെ പ്രസ്‌താവനയെ തുടർന്ന് ഇന്ത്യയും കാനഡയും ആറ് നയതന്ത്ര ഉദ്യോഗസ്‌ഥരെ വീതം പുറത്താക്കിയിരുന്നു.
2023 ജൂണിൽ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!