കാസർഗോഡ് : എക്‌സൈസ് അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ്–ഉദിനൂർ ജംഗ്ഷന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിനരികിൽ 2 കഞ്ചാവ് തൈകൾ കണ്ടെത്തി. 5ഉം 2ഉം മാസം പ്രായമുള്ള തൈകളാണ് അധികൃതർ കണ്ടെത്തിയത്. കെട്ടിടത്തിനരികിലെ ആൽമരച്ചോട്ടിലാണ് തൈകൾ കണ്ടത്.
പൊതുസ്‌ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ഗൗരവമുള്ള കാര്യമാണെന്നും, സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി. തൃക്കരിപ്പൂർ ടൗണിന്റെ ചില ഭാഗത്ത് സമീപകാലത്തായി കഞ്ചാവ് വിൽപന നടന്നിരുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കഞ്ചാവ് ചെടികളും കണ്ടെത്തിയത്. അതിനാൽ തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
നീലേശ്വരം എക്‌സൈസ് റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ കെആർ കലേശൻ, പ്രിവന്റീവ് ഓഫിസർ പി സുരേന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ സിജു, ചാൾസ് ജോസ്, ടികെ രജ്‌ഞിത് എന്നിവരടങ്ങിയ സംഘമാണ് പൊതു സ്‌ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Read also : ഇരിട്ടിയിൽ വീണ്ടും കർണാടക മദ്യം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ








































