പാലക്കാട്: വേലന്താവളത്ത് നിന്നും കഞ്ചാവ് പിടികൂടി. വേലന്താവളം ചെക്ക്‌പോസ്‌റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സേനയും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.
കല്ലടിക്കോട് സ്വദേശി സനു, മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് അറസ്‍റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. നേരത്തെയും പ്രതികൾ കഞ്ചാവ് കടത്തിയിരുന്നതായി പോലീസ് വ്യക്‌തമാക്കി.
ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിന്റെ ഡിക്കിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനാണ് ഇവര്‍ ശ്രമിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വില്‍പന നടത്തുവാന്‍ കൊണ്ടുവന്ന കഞ്ചാവാണിതെന്നും പോലീസ് അറിയിച്ചു.
ആന്ധ്രയില്‍ നിന്നും കഞ്ചാവ് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐഎസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്‌പി സിഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ വിവിധ സംസ്‌ഥാന അതിര്‍ത്തികളില്‍ ലഹരി വിരുദ്ധ സേനയിലെ പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.
കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്‌ടർ ശശിധരന്‍, സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ്, ജില്ലാ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ ജലീല്‍, ജോണ്‍സണ്‍, ടിആര്‍ സുനില്‍ കുമാര്‍, റഹീം മുത്തു, സിഎസ് സാജിദ്, ആര്‍ കിഷോര്‍, കൃഷ്‌ണദാസ്, യു സൂരജ് ബാബു, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ്, എസ് ഷനോസ്, കെ ദിലീപ്, എസ് ഷമീര്‍, സമീര്‍, എആര്‍ ക്യാമ്പ് എസ്ഐ ഗംഗാധരന്‍, നിധീഷ്. വി, കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പോലീസുകാരായ സുധീഷ് കുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു വി രാജ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Malabar News: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആനപന്തി കോളനിയിലെ ഒരു കുടിൽ തകർത്തു