മേപ്പാടി: ഒറ്റരാത്രി കൊണ്ട് ഒരുനാടിനെ അപ്പാടെ വിഴുങ്ങിയ വയനാട് ഉരുൾപൊട്ടലിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂരൽമലയിലെ കടകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്‌ജിദിൽ സ്‌ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ദിവസം കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ ദൃശ്യങ്ങളുമുണ്ട്.
ഇതിൽ പലരുടെയും മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ജൂലൈ 30നാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയത്. മൂന്നര മണിക്കൂറിനിടെ രണ്ടുതവണ ഉരുൾപൊട്ടി. ചാലിയാർ വഴി നിലമ്പൂർ വരെ 38 കിലോമീറ്റർ ദൂരം മൃതദേഹങ്ങൾ ഒഴുകിയെത്തി. ചൂരൽമലയിലും മുണ്ടക്കൈയിലും അന്ന് 24 മണിക്കൂറിനിടെ പെയ്‌തത് 37 സെന്റീമീറ്റർ മഴയാണ്.
24 മണിക്കൂറിനിടെ 29 സെന്റീമീറ്ററിലേറെ മഴ തന്നെ അതിതീവ്രമെന്നാണ് കണക്കാക്കുന്നത്. അതിന്റെ ഇരട്ടിയോളമാണ് അന്ന് പെയ്‌തത്. ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 173ഉം ലഭിച്ചത് നിലമ്പൂർ മേഖലയിൽ നിന്നാണ്. ലഭിച്ച 231 മൃതദേഹങ്ങളിൽ 80 എണ്ണവും കണ്ടെടുത്തത് നിലമ്പൂർ മേഖലയിൽ നിന്നാണ്.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം