ന്യൂ ഡെൽഹി: കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സമിതിയെ നിയോഗിച്ച് കൃത്യമായി മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം. ഇന്നലെ വരെ കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. എന്നാൽ ആന്റിജൻ ടെസ്റ്റിലെയും പിസിആർ ടെസ്റ്റിലെയും ഫലങ്ങളിൽ വ്യത്യാസം വരാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പോലും അംഗീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകുന്നത്.
Read Also: കോവിഡ് വാക്സിൻ; ഇന്ത്യയിലെ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവച്ചു
ഇന്ത്യയിലെ കോവിഡ് നിരക്ക് പ്രതിദിനം വർദ്ധിക്കുകയാണ്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റീവ് നിരക്ക് 8.4 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 കോവിഡ് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ നിലവിൽ 9.19 ലക്ഷത്തിലധികം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.







































