ഡെൽഹി: അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷി യോഗം നടത്താന്‍ കേന്ദ്രം. നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അഫ്‍ഗാനിസ്‌ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനിടെ 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ കൂടിയാണ് ഇന്ന് തിരിച്ചെത്തിച്ചത്. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ ഉടൻ മടങ്ങിയെത്തും. മലയാളിയായ കന്യാസ്‌ത്രീയും 46 അഫ്‌ഗാൻ പൗരൻമാരും ഈ വിമാനത്തിലുണ്ട്. ഇറ്റാലിയൻ സ്‌കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്‌റ്റർ തെരേസ ക്രസ്‌റ്റ ഉടൻ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു.
അതേസമയം ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന് അമേരിക്ക സൂചന നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് ഇന്ത്യൻ പൗരൻമാരെയും സഹായം തേടുന്ന അഫ്‌ഗാൻ പൗരൻമാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നത്.
ഇതിനിടെ അഫ്‌ഗാനിസ്‌ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അഭയം തേടുന്ന പശ്‌ചാത്തലത്തിൽ പൗരത്വ നിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തുവന്നു. ഇന്നലെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരിൽ ചിലർ ഇനി അഫ്‌ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. അഫ്‌ഗാനിൽ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രതിസന്ധി കാണുമ്പോൾ എന്തിനാണ് സിഎഎ നടപ്പിലാക്കുന്നത് എന്ന് ബോധ്യമാകും എന്നായിരുന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റ്.
Most Read: ജാതി സെൻസസ്; നിതീഷ്, തേജസ്വി എന്നിവർ പ്രധാനമന്ത്രിയെ കണ്ടു