ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ സ്‌ഥലം മാറ്റം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, വിലക്ക് തുടരും

അലഹബാദ് ഹൈക്കോടതിയിലും യശ്വന്ത് വർമയ്‌ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Justice Yashwant Varma
Ajwa Travels

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

മാർച്ച് 20,24 തീയതികളിലായി നടത്തിയ യോഗങ്ങൾക്ക് ശേഷമാണ് യശ്വന്ത് വർമയെ സ്‌ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ എതിർപ്പ് മറികടന്നാണ് സ്‌ഥലം മാറ്റാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിന് നൽകിയത്. അതേസമയം, യശ്വന്ത് വർമയെ അലഹബാദ് കോടതിയിലും ജോലിയിൽ നിന്ന് സുപ്രീം കോടതി വിലക്കി.

ജുഡീഷ്യൽ ചുമതലകൾ നൽകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തം ഉണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാർച്ച് 14നാണ് ജഡ്‌ജിയുടെ വീട്ടിൽ തീപിടിച്ചത്. തീ അണയ്‌ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്‌നിരക്ഷാസേന കണ്ടെത്തുകയായിരുന്നു. ഈ സമയം ജസ്‌റ്റിസ്‌ വർമയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.

കത്തി നശിച്ച പണത്തിന്റെ വീഡിയോ ഡെൽഹി പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്‌തു.

മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്‌ഥലം മാറ്റിയത്. വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ ഡെൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ചുമതലകളിൽ നിന്ന് പിൻവലിച്ചുകൊണ്ട് ഹൈക്കോടതി നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ വിശദീകരണത്തിൽ വർമ പറഞ്ഞത്. ആരോപണം ഉയരുന്നതിന് പിന്നാലെ, മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് കോടതിയെന്ന് അവിടുത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. യശ്വന്ത് വർമയെ സ്‌ഥലം മാറ്റാനുള്ള കൊളീജിയം ശുപാർശയിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്‌ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശ് സ്വദേശിയായ ജസ്‌റ്റിസ്‌ യശ്വന്ത് വർമ, 1992ലാണ് അഭിഭാഷകനായത്. തുടർന്ന് അലഹബാദ് ഹൈക്കോടതിയിൽ പ്രാക്‌ടീസ്‌ നടത്തി. ഉത്തർപ്രദേശിന്റെ ചീഫ് സ്‌റ്റാൻഡിങ് കൗൺസിലായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 2013ൽ സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 2014 ഒക്‌ടോബറിൽ അലഹബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായി.

2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ സ്‌ഥിരം ജഡ്‌ജിയാക്കി. പിന്നീട് അദ്ദേഹത്തെ ഡെൽഹി ഹൈക്കോടതിയിലേക്ക് സ്‌ഥലം മാറ്റുകയായിരുന്നു. 2021 ഒക്‌ടോബർ 11നാണ് യശ്വന്ത് വർമ ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസായി ചുമതലയേറ്റത്.
 
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE