ശ്രീനഗർ: ഭീകരാക്രമണം തുടർക്കഥയാകുന്ന ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 50-55 ഭീകരർ അതിർത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം.
3500ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്‌ഥിതി വിലയിരുത്താൻ ഉന്നത കരസേനാ ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നതിനെ കുറിച്ച് പരിശോധിക്കാൻ ഇന്റലിജൻസ് സംവിധാനവും മെച്ചപ്പെടുത്തി. ഉയരമുള്ള പർവത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാർക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം.
മൂന്ന് വർഷത്തിനിടെ 51 സൈനികരാണ് ജമ്മു കശ്‌മീരിൽ വീരമൃത്യു വരിച്ചത്. അവസാനമായി ഈ മാസം 16ന് ദോഡയിലെ വെടിവെപ്പിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രാഷ്‌ട്രീയ റൈഫിൾസിന്റെ റോമിയോ, ഡെൽറ്റ യൂണിറ്റുകൾ, 25 ഇൻഫൻട്രി ഡിവിഷൻ തുടങ്ങിയവയ്‌ക്ക് പുറമേയാണ് കമാൻഡോകളെ വിന്യസിക്കുന്നത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി