ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് മാർഗ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ ശ്രമിക്കണമെന്നും, അവിടെ അടുത്തുള്ള നഗരങ്ങളിൽ താമസിക്കണമെന്നും വ്യക്‌തമാക്കിയ വിദേശകാര്യ മന്ത്രാലയം, അതിർത്തികളിലേക്ക് നേരിട്ട് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ അധികൃതരുടെ നിർദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ അതിർത്തികളിലേക്ക് നീങ്ങാവൂ എന്നും വിദേശകാര്യ മന്ത്രാലയം വക്‌താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഒപ്പം തന്നെ വിമാനത്തിന്റെ ലഭ്യതയെ കുറിച്ചോർത്ത് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും, യുക്രൈൻ അതിർത്തി കടന്നാൽ കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ സമീപരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളോവാക്യ, റൊമാനിയ, മോളഡോവ എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി അതിർത്തി കടക്കുന്നതിന് അധികൃതരുടെ നിർദ്ദേശം അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 4 കേന്ദ്രമന്ത്രിമാർ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് പോകും. വികെ സിംഗ്, കിരൺ റിജിജി, ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് പോകുന്നത്.
Read also: ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല







































