വെറും 3 സാങ്കേതിക പ്രവർത്തകരെ മാത്രം ഉപയോഗിച്ച് ഒരുക്കുന്ന സിനിമയാണ് ‘ചലച്ചിത്രം’ സംവിധായകന് പുറമെ ക്യാമറാമാനും എഡിറ്ററും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. മറ്റാരും സിനിമക്ക് വേണ്ടി സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നില്ല.
ഇക്കാരണം കൊണ്ട്, ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ സാങ്കേതിക പ്രവർത്തകരെ ഉപയോഗിക്കുന്ന സിനിമ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് പരിഗണനയിലാണ് ‘ചലച്ചിത്രം’ എന്ന സിനിമ. പിന്നണി പ്രവർത്തകർ ഇന്ന് പുതിയ പോസ്‌റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ഗഫൂർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ‘ചലച്ചിത്രം‘ എന്ന പേരുകൊണ്ടാണ് ആദ്യം ശ്രദ്ധപിടിച്ചു പറ്റിയത്. പിന്നീട്, അറബിക് അക്ഷരങ്ങളിൽ പോസ്‌റ്റർ ചെയ്‌തും മൂന്നടി പൊക്കമുള്ള നായകനെ അവതരിപ്പിച്ചും ശ്രദ്ധേയമായി. നൈജീരിയക്കാരാണ് ചിത്രത്തിലെ മറ്റുകേന്ദ്ര കഥാപാത്രങ്ങൾ.
ആര്യ, മുഹമ്മദ് മുസ്‌തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ചലച്ചിത്രം‘ പല രീതിയിൽ പ്രേക്ഷക പ്രതീക്ഷ നേടിയ ചിത്രമാണ്. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ, സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു.
Most Read: ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി







































