ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി

By News Desk, Malabar News
Yogi Adityanath about ram temple
Ajwa Travels

അയോധ്യ: തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിലെ മുൻ സർക്കാരുകളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് ശ്‌മശാനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടിയായിരുന്നു പൊതുപണം ഉപയോഗിച്ചിരുന്നത്. എന്നാൽ, ബിജെപിയുടെ ഭരണത്തിന് കീഴിൽ ജനങ്ങളുടെ പണം വിനിയോഗിക്കുന്നത് ക്ഷേത്രങ്ങളുടെ നവീകരണത്തിന് വേണ്ടിയാണെന്ന് യോഗി പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉത്തർപ്രദേശ് സർക്കാർ രാംകഥാ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ഗരീബ് കല്യാൺ അന്ന യോജനയുടെ അടുത്ത വർഷം വരെ സൗജന്യ റേഷൻ തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ റേഷൻ നൽകുന്നതിനായാണ് ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ആവിഷ്‌കരിച്ചത്. ഈ മാസം കാലാവധി അവസാനിക്കാനിരിക്കെയാണ് പദ്ധതി വീണ്ടും നീട്ടിയിരിക്കുന്നത്. കോവിഡ് മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ, സൗജന്യ റേഷൻ കിറ്റിൽ ഗോതമ്പ്, അരി എന്നിവയ്‌ക്കൊപ്പം ഉപ്പ്, പഞ്ചസാര, പരിപ്പ്, എണ്ണ എന്നിവ ലഭ്യമാക്കുമെന്നും യോഗി പറഞ്ഞു. യുപിയിലെ 15 കോടി ജനങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

661 കോടിയുടെ 50 വ്യത്യസ്‌ത പദ്ധതികളും യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യമാണ് നടക്കുക. ഇതിന് മുന്നോടിയായാണ് വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി മുഖ്യമന്ത്രി രംഗത്തെത്തിയത്.

അയോധ്യയിൽ രാമക്ഷേത നിർമാണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിലെ 500ഓളം ക്ഷേത്രങ്ങളുടെ നവീകരണത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിൽ 300ലേറെ സ്‌ഥലങ്ങളിൽ നിർമാണ ജോലികൾ പൂർത്തിയായി. ബാക്കിയുള്ള ഇടങ്ങളിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

‘ഇതാണ് ചിന്തയിലെ വ്യത്യാസം. ശ്‌മശാനം ഇഷ്‌ടപ്പെടുന്നവർ പൊതുപണം അവിടെ ചെലവാകും. മതം, സംസ്‌കാരം എന്നീ കാര്യങ്ങൾ വിലമതിക്കുന്നവർ ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാ ആവശ്യങ്ങൾക്കുമായി ജനങ്ങളുടെ പണം വിനിയോഗിക്കുന്നു’- മുൻ സർക്കാരുകളെ ലക്ഷ്യമിട്ട് യോഗി പറഞ്ഞു.

30 വർഷങ്ങൾക്ക് മുൻപ് ‘ജയ് ശ്രീറാം’ വിളിക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതെന്ന് യോഗി ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കഴിഞ്ഞ വർഷം രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോൾ ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും കരുത്തിലാണ് ക്ഷേത്രം സാധ്യമായതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 30 വർഷം മുൻപ് നിങ്ങൾക്ക് നേരെ വെടിയുതിർത്തവർ ഇന്ന് നിങ്ങളുടെ കരുത്തിന് മുന്നിൽ തല കുനിക്കുന്നു. ഇതാണ് രാമന്റെ ശക്‌തി, രാമൻ എല്ലാവരെയും ഒരുമിപ്പിച്ചു’- യോഗി പറയുന്നു.

ലോകത്തെ ഒരു ശക്‌തിക്കും രാമക്ഷേത്ര നിർമാണം തടയാനാകില്ല. 2030ഓടെ ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നും യോഗി പറഞ്ഞു. അയോധ്യ ഇപ്പോൾ ലോകത്തിന് മുന്നിൽ ഒരു പുതിയ സാംസ്‌കാരിക നഗരമായി ഉയർന്നിരിക്കുകയാണ്. വരും നാളുകളിൽ നഗരം കൂടുതൽ വികസനങ്ങൾക്ക് സാക്ഷ്യം വഹിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുമെന്നും യോഗി കൂട്ടിച്ചേർത്തു.

Also Read: ജാമ്യ ഉത്തരവുകൾ ജയിലിലെത്താൻ വൈകുന്നതിൽ നടപടി വേണം; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE