റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതോടെയാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
ഹേമന്ത് സോറന് ജൂൺ 28ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സത്യപ്രതിജ്‌ഞയുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. ”ഹേമന്ത് സോറൻ മടങ്ങി വരുന്ന സാഹചര്യത്തിൽ മുന്നണിയാണ് എന്റെ രാജി സംബന്ധിച്ച തീരുമാനം എടുത്തത്. ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുത്തു. ഞാൻ മുഖ്യമന്ത്രി പദം രാജിവെച്ചു”- ചംപയ് സോറൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹേമന്ത് സോറന്റെ അറസ്‌റ്റിനെ തുടർന്ന് ഫെബ്രുവരി രണ്ടിനാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്. റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അതിന് മുമ്പായി അദ്ദേഹം മുഖ്യമന്ത്രി പദം ഒഴിഞ്ഞിരുന്നു. ജൂൺ 13ന് കോടതി വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയിരുന്നു. ഭൂമി ഏറ്റെടുത്തതിലും കൈവശം വെച്ചതിലും റവന്യൂ രേഖകളിൽ സോറൻ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്