തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് കഴിയും. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. പട്ടികയിൽ നിന്ന് പുറത്തായ 24.95 ലക്ഷം പേരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
http://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാം. പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നൽകിയാണ് ഇന്നലെ വൈകീട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതൽ സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. ലിങ്കിൽ പ്രവേശിച്ചാൽ ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തിരഞ്ഞെടുക്കുക.
ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ളിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പട്ടികയിൽ നിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം. ക്രമനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണ് പട്ടികയിലുള്ളത്.
പുറത്താക്കിയാൽ എന്ത് ചെയ്യണം?
മതിയായ കാരണങ്ങൾ ഇല്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ബൂത്ത് ലവൽ ഓഫീസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ച് നൽകണം. ഫോം പൂരിപ്പിച്ച് നൽകി തെറ്റ് തിരുത്താൻ ഇന്ന് വരെയാണ് അവസരം. ഫോം നൽകിയാൽ 23ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും.
പരാതികളും ആക്ഷേപങ്ങളും ഈമാസം 13 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേര് ചേർക്കാം. പ്രവാസി വോട്ടർമാർക്ക് ഫോം 6എ നൽകിയും പേര് ചേർക്കാം. വിലാസം മാറ്റാനും തെറ്റ് തിരുത്താനും ഫോം8 നൽകണം. ഈ ഫോമുകൾ http://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവരെ ഹിയറിങ്ങിന് വിളിപ്പിക്കും. ഇതിന് ശേഷവും ഒഴിവാക്കുകയാണെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്റ്ററൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരമുണ്ടാകും.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































