ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകൾ അറസ്‌റ്റിലായ സംഭവത്തിൽ നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്‌പുരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആന്റണിയാണ് രാവിലെ ഛത്തീസ്‌ഗഡിൽ എത്തുന്നത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും.
ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്‌ഗഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ തുടങ്ങിയവർ ഛത്തീസ്‌ഗഡിലെ ദുർഗിലെത്തും. എംപിമാരുടെ സംഘം ഡെൽഹിൽ നിന്ന് പുറപ്പെട്ടു. അതേസമയം, ബിജെപി പ്രതിനിധിയുടെ വരവുമായി ബന്ധപ്പെട്ട് നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് ഛത്തീസ്‌ഗഡിലെ വൈദികൻ ആവശ്യപ്പെട്ടു.
കേരള ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ ഇടപെടണമെന്ന് ഛത്തീസ്‌ഗഡിലെ കന്യാസ്‌ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്‌പുർ അതിരൂപത വൈദികൻ സാബു ജോസഫ് ആവശ്യപ്പെട്ടു. കന്യാസ്‌ത്രീകളുടെ സേവന പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താനാണ് ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അറസ്‌റ്റിലായ കന്യാസ്‌ത്രീകൾക്കായി ദുർഗ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സഭാ നേതൃത്വം. ശനിയാഴ്‌ചയാണ് ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്‌ത്രീകളെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്‌റ്റർ പ്രീതി മേരി എന്നിവരാണ് അറസ്‌റ്റിലായത്.
നാരായൺപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പം ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്‌ത്രീകളെ തടഞ്ഞുവെക്കുകയും പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്‌ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. കോടതി റിമാൻഡ് ചെയ്‌ത കന്യാസ്‌ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. സംഭവത്തിൽ കേരളത്തിൽ വ്യാപകമായി പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി







































