കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിൽ സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ സന്ദർശനം നടത്തി. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, വീണാ ജോർജ്, ഹൈബി ഈഡൻ, എംവി ഗോവിന്ദൻ എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തെ സന്ദർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവർ ചികിൽസയിൽ കഴിയുന്ന കളമശേരി മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി.
പരിക്കേറ്റവർ ചികിൽസയിൽ കഴിയുന്ന മറ്റു ആശുപത്രികളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. ജീവൻ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിർത്തുമെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.
കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17 പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ മരിച്ച 12 വയസുകാരിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read| ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; അൽ ഖുദ്സ് ആശുപത്രി ഒഴിയാനാവില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം