പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയെന്നാണ് ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്‌ടർമാരാണ് സംഭവം അന്വേഷിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിൽസ ലഭിച്ചിരുന്നുവെന്നും സെപ്‌തംബർ 30ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്‌തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിൽസ നൽകിയ ശേഷം കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡ്യൂട്ടി ഡോക്‌ടറുടെയും വകുപ്പ് മേധാവിമാരുടെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്‌ക്ക് കൈമാറിയിട്ടുണ്ട്. മുറിവ് വേണ്ടപോലെ പരിചരിക്കാതെ പ്ളാസ്‌റ്ററിട്ടത് കാരണമാകാം പഴുപ്പ് ഉണ്ടായതെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കെയാണ് ആരോഗ്യവകുപ്പ് ഇക്കാര്യം മറച്ചുവയ്‌ക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വിനോദിനിക്ക് ഇപ്പോഴും നല്ല വേദനയുണ്ടെന്ന് രക്ഷിതാക്കളായ വിനോദും പ്രസീദയും പറയുന്നു. രക്‌തക്കുറവ് കണ്ടതിനാൽ ഇന്നലെ രാത്രി കുട്ടിക്ക് രക്‌തം നൽകേണ്ടിവന്നു. വീഴ്‌ചയിൽ പരിക്കേറ്റ് സെപ്‌തംബർ 24നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
എക്‌സ്‌റേ എടുത്ത് പ്ളാസ്‌റ്ററിട്ട ശേഷം നടത്തിയ പരിശോധനയിൽ രക്‌തപ്രവാഹത്തിനോ ഞരമ്പുകൾക്കോ തകരാർ കണ്ടില്ലെന്നും തൊട്ടടുത്ത ദിവസം വരാൻ നിർദ്ദേശിച്ചതായും ജില്ലാ ആശുപത്രി അധികൃതർ പറയുന്നു. അടുത്ത ദിവസത്തെ പരിശോധനയിലും പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. പ്ളാസ്‌റ്ററിട്ട കൈയിൽ നിന്ന് ദുർഗന്ധം വമിച്ച അവസ്‌ഥയിലാണ് 30ന് വീണ്ടും ആശുപത്രിയിൽ എത്തുന്നത്.
സ്‌ഥിതി വഷളായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തങ്ങളുടെ പക്കലെത്തുമ്പോൾ കൈയ്യിലേക്കുള്ള രക്‌തയോട്ടം നിലച്ച അവസ്‌ഥയിൽ ആയിരുന്നുവെന്നും ജീവൻ അപകടത്തിലാകുന്ന സ്‌ഥിതി ഒഴിവാക്കാൻ പഴുപ്പുള്ള ഭാഗം മുറിച്ചുമാറ്റുകയേ മാർഗം ഉണ്ടായിരുന്നുള്ളൂവെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരും പറയുന്നു.
കൈയ്യിലെ മുറിവ് ഉണങ്ങിയ ശേഷം പ്ളാസ്‌റ്റിക് സർജറി വിഭാഗം തുടർചികിൽസ നൽകുമെന്നും അവർ പറയുന്നു. അതേസമയം, കുഞ്ഞിന്റെ കൈയ്യിലെ ചോരയൊലിക്കുന്ന മുറിവിനെ കുറിച്ച് ചികിൽസാ രേഖകളിലും ഇല്ലാത്തതിനെ കുറിച്ച് ആരോഗ്യവകുപ്പ് കൃത്യമായ മറുപടി നൽകുന്നില്ല.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്