ആലപ്പുഴ: കോളറ ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി സ്വദേശി പിജി രഘുവാണ് (48) ഇന്ന് പുലർച്ചെ 1.30ഓടെ മരിച്ചത്. രഘുവിന് മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഘു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്‌ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, പരിശോധനാ ഫലം ഇന്നലെയും ലഭിക്കാത്തതിനാൽ രോഗം ഔദ്യോഗിമായി സ്‌ഥിരീകരിച്ചിട്ടില്ല. രഘുവിന്റെ രക്‌ത പരിശോധനയിൽ നേരത്തെ കോളറ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, രോഗം സ്‌ഥിരീകരിക്കാൻ വിസർജ്യ പരിശോധനാഫലം കൂടി ലഭിക്കണം.
കടുത്ത വയറിളക്കവും ഛർദിയുമായാണ് രഘുവിനെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളാണ്. ഭാര്യ: രാജി. മകൾ: ശിവ പാർവതി. അതിനിടെ, തലവടി പഞ്ചായത്തിൽ കോളറ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി.
പഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്‌ടർ സർവേ ആരംഭിച്ചു. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി.
സംസ്‌ഥാനത്തെ ഈ വർഷത്തെ രണ്ടാമത്തെ കോളറ കേസാണ് രഘുവിന്റേത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63-കാരൻ കഴിഞ്ഞദിവസം കോളറ ബാധിച്ചു മരിച്ചിരുന്നു.

എന്താണ് കോളറ?
വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. ലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ അഞ്ചുദിവസം വരെ എടുക്കും.
കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കും. ചികിൽസിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണംവരെ സംഭവിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അണുബാധയ്‌ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്‌ടീരിയകൾ അവരുടെ മലത്തിൽ കാണപ്പെടുന്നു.
രോഗലക്ഷണങ്ങൾ
രോഗം പിടിപെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാവുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്‌ടത്തിന് കാരണമാവുകയും ചെയ്യും.
ഓക്കാനം, ഛർദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം ഉണ്ടാവുകയും ചെയ്യും. പത്ത് ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജലീകരണത്തെ സൂചിപ്പിക്കുന്നു. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്‌ത സമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

ഇവ പ്രത്യേകം ശ്രദ്ധിക്കുക
1. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.
2. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക
3. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക
4. കഴിവതും പച്ചക്കറികൾ പാകം ചെയ്‌ത് കഴിക്കുക.
5. ശുചിമുറികൾ ഇടയ്‌ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ