കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതി വഴി ജില്ലയിലെ 1200 വീടുകൾക്ക് കണക്ഷൻ നൽകും. ഉണ്ണികുളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, എട്ട് വാർഡുകളിലാണ് ഒരു വർഷത്തിനകം കണക്ഷൻ നൽകുക. തുടർന്ന് ഘട്ടംഘട്ടമായി ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, തുടങ്ങിയ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും പിഎൻജി(പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) കണക്ഷൻ ലഭ്യമാക്കും. പൈപ്പ്ലൈൻ വഴി കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
നിലവിൽ പ്രധാന പൈപ്പ്ലൈൻ പ്രവൃത്തികൾ പൂർത്തീകരിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹൈഡ്രോ ടെസ്റ്റ് ജോലികൾ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് പ്രകൃതി വാതകം വീടുകളിലേക്ക് എത്തിക്കുന്ന എംടിപിഎ പൈപ്പ് ലൈനിന്റെ നിർമാണം ഏകദേശം 11 കിലോമീറ്റർ പൂർത്തീകരിച്ചു. ജില്ലയിലെ നാല് സിഎൻജി പമ്പുകളിൽ പ്രകൃതി വാതക വിതരണം തുടങ്ങി. ഉള്ളിയേരി, പറമ്പിൽ ബസാർ, നടക്കാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലെ സിഎൻജി പാമ്പുകളിലേക്കാണ് പ്രകൃതി വാതക വിതരണം തുടങ്ങിയത്.
Read Also: മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി







































