വയനാട്: സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ സ്വരാജ് ട്രോഫി പുരസ്കാരം സുൽത്താൻ ബത്തേരി നഗരസഭക്ക്. മികച്ച നഗരസഭക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമാണ് ബത്തേരി കരസ്ഥമാക്കിയത്. 118 പോയിന്റ് നേടിയാണ് സംസ്ഥാന തലത്തിൽ ബത്തേരി ഒന്നാമതെത്തിയത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭക്കാണ് രണ്ടാം സ്ഥാനം. ‘വൃത്തിയുടെ നഗരമെന്ന’ പേരിൽ സംസ്ഥാന തലത്തിൽ ബത്തേരി നഗരസഭ നേരത്തെ ശ്രദ്ധേയമായിരുന്നു.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഈ നേട്ടം കൈവരിച്ചത്. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി നഗരത്തിലെ കച്ചവടക്കാരും നാട്ടുകാരും കൂടി സഹകരിക്കുന്നതിനാൽ തന്നെ വൃത്തിയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് നഗരങ്ങൾ എടുത്താൽ ബത്തേരി ഏറെ മുന്നിലാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് നഗരസഭാ ഭരണസമിതി അറിയിച്ചു.
മികച്ച ത്രിതല പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഈ വർഷം മുതലാണ് നഗരസഭകൾക്കും കോർപറേഷനുകൾക്കും കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ജില്ലാതലത്തിൽ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം 129 പോയിന്റ് നേടി മീനങ്ങാടി കരസ്ഥമാക്കി. 124 പോയിന്റ് നേടി തരിയോട് പഞ്ചായത്താണ് രണ്ടാം സ്ഥാനം നേടിയത്.
Most Read: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, സിൽവർലൈൻ പരിസ്ഥിതി സൗഹൃദം; ഗവർണർ







































