കോഴിക്കോട്: ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്. എൻഡിഎയിൽ നിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ എൻഡിഎയിലായിരുന്നു സികെ ജാനു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ സ്‌ഥാനാർഥിയായി മൽസരിക്കുകയും ചെയ്‌തു. പിന്നീട് 2018ൽ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ച് എൻഡിഎ വിട്ടു. തുടർന്ന് എൽഡിഎഫിനൊപ്പം ചേരാൻ സിപിഐയുടെ അന്നത്തെ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും 2021ൽ വീണ്ടും എൻഡിഎയിൽ തിരിച്ചെത്തി.
മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനാണ് ജെആർസിയുടെ തീരുമാനമെന്നും ജാനു അറിയിച്ചു. ‘നിലവിൽ എൻഡിഎ മുന്നണിയിൽ പ്രവർത്തിക്കുന്ന ജെആർപി മുന്നണിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. തുടർന്ന് പാർട്ടി ശക്‌തമായി പ്രവർത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകൾ തുടങ്ങാനും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി’- സികെ ജാനു പ്രസ്‌താവനയിൽ അറിയിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ