തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ കൺവീനർ എംപി വിൻസെന്റും രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ഇരുവരോടും രാജി ആവശ്യപ്പെടാൻ കെപിസിസിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു. എഐസിസി നിർദ്ദേശം ഇരുവരെയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചത്. ഡിസിസി ഓഫീസിലെ സംഘർഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എംപി വിൻസെന്റും വ്യക്‌തമാക്കി. ഡിസിസി ഓഫീസിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയുക്‌ത എംപി വികെ ശ്രീകണ്‌ഠന് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല നൽകാനാണ് തീരുമാനം. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് തൃശൂർ ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുങ്ങിയത്. പരാജയം ചർച്ച ചെയ്യാനായി ചേർന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലിൽ കലാശിച്ചത്.
ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി ഉയർന്നത്. മർദ്ദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നവരും തമ്മിൽ കയ്യാങ്കളി നടന്നു. സജീവനെ പിന്നീട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം അഞ്ചുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.
സംഘർഷത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിരുന്നു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് തൃശൂർ ഈസ്‌റ്റ് പോലീസ് പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ