കൂത്തുപറമ്പ്: നിർമ്മലഗിരിക്ക് അടുത്ത് മൂന്നാംപീടികയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാൾ, കമ്പിപ്പാര, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. പരിക്കേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. സുനിൽകുമാർ, ശർമിഷ്, അഫ്സർ, സജിത്ത്, സജിൽ തുടങ്ങിയവരാണ് ചികിൽസയിൽ ഉള്ളത്. ഇതിൽ മൂന്ന്പേർക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരിൽ ഒരാളുടെ മുൻവശത്തെ മുഴുവൻ പല്ലുകളും കൊഴിഞ്ഞ നിലയിലാണുള്ളത്. മറ്റുള്ളവരുടെ എല്ല് പൊട്ടിയതോടൊപ്പം സംഘാംഗങ്ങളിൽ ഒരാളുടെ മൂക്കിന്റെ പാലം തകർന്നിട്ടുമുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കണ്ടേരി സ്വദേശികളായ നവാസ് മൻസിലിൽ പികെ അർഷാദ്, ശ്രീനിലയത്തിൽ എംവി ശ്രീരാജ് എന്നിവരെ കൂത്തുപറമ്പ് എസ്ഐ പി ബിജു അറസ്റ്റ് ചെയ്തു. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പുവടി, ബോംബിന്റെ അവശിഷ്ടങ്ങൾ, വടിവാൾ എന്നിവയാണ് കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലുംപെട്ട ഇരുപതോളം പേർക്ക് എതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.
Read also: സ്വര്‍ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു







































