ന്യൂഡെല്‍ഹി: കല്‍ക്കരി പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് ഡെല്‍ഹിയിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസില്‍ റായിക്ക് പുറമേ മറ്റു രണ്ട് പേര്‍ക്കും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
കല്‍ക്കരി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ ഗൗതം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പിഴയും കോടതി വിധിയില്‍ പറയുന്നുണ്ട്.
എന്‍ഡിഎ മുന്നണിയുടെ വാജ്പെ മന്ത്രിസഭയില്‍ കല്‍ക്കരിയുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന വ്യക്‌തിയാണ് റായ്.
ദിലിപ് റായും കൂട്ടരും 1999-ല്‍ ജാര്‍ഖണ്ഡിലെ ബ്രഹ്‌മദിഹ കല്‍ക്കരി ബ്‌ളോക്കിന്റെ അവകാശം സ്വകാര്യ കമ്പനിയായ കാസ്ട്രോണ്‍ ടെക്‌നോളോജിസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കാന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും, ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും സിബിഐ കോടതി കണ്ടെത്തിയിരുന്നു.
പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ദിലിപ് റായും മറ്റു പ്രതികളും ജാമ്യത്തിനായും അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇത്തരം അഴിമതികളും, സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന് അതൊരു പാഠമായിരിക്കും എന്ന് സിബിഐക്ക് വേണ്ടി ഹാജരായ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരായ വികെ ശര്‍മ്മ, എപി സിംഗ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
Read Also: ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി