മലപ്പുറം: കോവിഡ് വ്യാപനം ശക്തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവക്ക് പരിഹാരം കാണാനും ബോധവൽകരണം നടത്താനും വേണ്ടിയാണ് 10 ആഴ്ച നീണ്ടുനിന്ന ‘കോഗ്നൈസ് കേരള – 2021‘ വെബിനാര്‍ സീരീസ് സംഘടിപ്പിച്ചിരുന്നത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രജീവിതം എങ്ങനെ സാധ്യമാക്കാം, കോവിഡ് വാക്സിനേഷനും ഭിന്നശേഷിക്കാരും, കോവിഡ് 19 പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരും അവരുടെ മാതാപിതാക്കളിലും ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ളാസെടുത്തു. കേരളത്തിലെ വിവിധ ഭാഗത്തുനിന്നും ഭിന്നശേഷിക്കാരും രക്ഷിതാക്കളും വെബിനാറില്‍ സംബന്ധിച്ചു.
സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ്, മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ്, ഇന്‍ക്ളൂസിവ് പാരന്റ്സ് അസോസിയേഷന് എന്നിവ സംയുക്തമായാണ് ‘കോഗ്നൈസ് കേരള – 2021′ വെബിനാര്‍ സീരീസ് സംഘടിപ്പിച്ചിരുന്നത്.
വെബിനാര്‍ സീരിസിന്റെ സമാപന സമ്മേളനം ഹൈബി ഈഡന് എംപി ഉൽഘാടനം ചെയ്തു. സിആര്‍സി ഡയറക്ടർ ഡോ. റോഷന് ബിജിലി കെഎന്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യാതിഥിയായി.
രാജേഷ് കുമാര്‍ വി (സംസ്ഥാന കോഡിനേറ്റര്‍, ഐപിഎ), ഗോപിരാജ് പിവി (റിഹാബിലിറ്റേഷന്‍ ഓഫീസര്‍ സിആര്‍സി), ഉണ്ണികൃഷ്ണൻ കെപി (സംസ്ഥാന പ്രസിഡണ്ട് , ഐപിഎ), അനില്‍കുമാര്‍ സിപി (സംസ്ഥാന സെക്രട്ടറി, ഐപിഎ), താജുദ്ദീന് (ഐപിഎ സ്റ്റേറ്റ് കമ്മിറ്റി അംഗം), മുഹമ്മദ് അസ്റത്ത് (ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) എന്നിവര്‍ പ്രസംഗിച്ചു.
Most Read: വായ്പാ ബാങ്കുകളുടെ ക്രൂര സമ്മർദ്ദം; ‘ടൂറിസ്റ്റ് വാഹന സംഘടന’ ബാങ്ക് ഉപരോധിച്ചു





































