പരിമിതികൾ തകർക്കാനല്ല, പറക്കാനുള്ള ചിറകാക്കി മാറ്റിയിരിക്കുകയാണ് രേവതി. മനോധൈര്യം ഉണ്ടെങ്കിൽ ഏത് സ്‌ഥാനത്തും എത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ആർവി രേവതി നമ്മെ ഓർമിപ്പിക്കുന്നത്.
ചെറുപ്പത്തിലെ പിടിപെട്ട എസ്എംഎ രോഗം രേവതിയെ തെല്ലും തളർത്തിയിട്ടില്ല. രണ്ടാംവർഷ ബിസിഎ വിദ്യാർഥിയായ രേവതി ആരോഗ്യ പരിമിതിയെ വകവെയ്‌ക്കാതെയാണ് കാതോലിക്കേറ്റ് കോളേജിന്റെ യൂണിയൻ സാരഥ്യത്തിലേക്ക് ചുവടുവെച്ചത്. കോളേജ് യൂണിയൻ ചരിത്രത്തിൽ അധ്യക്ഷ സ്‌ഥാനത്തെത്തിയ ചുരുക്കം പെൺകുട്ടികളിൽ ഒരാളാണ് രേവതി.
കടുത്ത രോഗാവസ്‌ഥയിലും തളരാതെ സ്‌കൂൾ പഠനകാലം മുതൽ മികച്ച മാർക്ക് നേടിയാണ് രേവതി ബിരുദ പഠനത്തിനെത്തിയത്. തന്റെ പരിമിതികളെ ഒരു കുറവായി കണ്ട് മാറിനിൽക്കാൻ രേവതി ഒരിക്കലും തയ്യാറായിരുന്നില്ല. തികഞ്ഞ രാഷ്‌ട്രീയ ബോധ്യമുള്ള രേവതിയുടെ പ്രവർത്തനങ്ങൾ മറ്റു കുട്ടികൾക്കും ആവേശം പകരുന്നതായിരുന്നു.
ക്‌ളാസിലെ കുട്ടികളാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രേവതിയെ ആദ്യം നിർബന്ധിച്ചത്. കൂടെ എസ്എഫ്ഐയോടുള്ള അതിയായ താൽപര്യം കൂടിയായപ്പോൾ ചെയർപേഴ്‌സൺ എന്ന ഉത്തരവാദിത്തം രേവതി ഏറ്റെടുത്തു. കൂട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണ കൂടി ലഭിച്ചപ്പോൾ മൽസരിക്കാനുള്ള ഊർജം കൂടി. എന്നാൽ, നന്നായി പഠിക്കുന്ന രേവതി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനോട് ചില ടീച്ചർമാർക്ക് ആദ്യം എതിർപ്പായിരുന്നു.
എന്നാൽ, രേവതിയുടെ ഉൽസാഹം കണ്ടപ്പോൾ അവരും സഹായവുമായി മുന്നോട്ട് വന്നു. അങ്ങനെ കെഎസ്‌യുവിൽ നിന്നും കോളേജ് യൂണിയൻ തിരികെ പിടിച്ചു രേവതി പോരാട്ടത്തിൽ വിജയിച്ചു. രണ്ടുവർഷത്തിനിടെ ആദ്യമായി കോളേജ് മുഴുവനും ചുറ്റിക്കണ്ടത് കഴിഞ്ഞ ദിവസമാണെന്ന് രേവതി പറയുന്നു. അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
വിദ്യാർഥികൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് നേടാൻ ഏതറ്റം വരെയും പോകാനുള്ള മനസുമായാണ് രേവതി കോളേജ് ചെയർപേഴ്‌സൺ സ്‌ഥാനം ഏറ്റെടുക്കുന്നത്. സിപിഎം അനുഭവമുള്ള കുടുംബത്തിൽ നിന്നുമാണ് രേവതി വരുന്നത്. ഇലവുംതിട്ട സ്വദേശിയായ രവി- ജിജി ദമ്പതികളുടെ മകളാണ്. ദിവസവും അമ്മയും അച്ഛനും ചേർന്നാണ് രേവതിയെ കോളേജിലെത്തിക്കുന്നത്. തിരികെ പോകുന്നതും അങ്ങനെത്തന്നെ.
മറ്റു കുട്ടികളെ പോലെ ഓടിക്കളിച്ച നടന്നിരുന്ന രേവതിക്ക് ആറാം ക്‌ളാസിൽ പഠിക്കുന്ന കാലത്താണ് നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയത്. പല ആശുപത്രികളിലും മാറി മാറി ചികിൽസിച്ചെങ്കിലും ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ വേദന കലശലായി. വണ്ടാനം മെഡിക്കൽ കോളേജിലെ പരിശോധനയിൽ നിന്നാണ് ഇത് എസ്എംഎ രോഗത്തിന്റെ മൂന്നാം സ്‌റ്റേജാണെന്ന് മനസിലായത്. ഇതിന് ഇന്ത്യയിൽ മരുന്ന് ലഭ്യമല്ല.
പിന്നീട് നടത്തം വോക്കിങ് സ്‌റ്റിക്കിന്റെ സഹായത്തോടെ ആയിരുന്നു. ഫിസിയോതെറാപ്പി മാത്രമായിരുന്നു ചികിൽസ. എന്നാൽ, കോവിഡ് കാലത്ത് ഫിസിയോതെറാപ്പിയും മുടങ്ങി. ഇതോടെയാണ് വീൽ ചെയറിന്റെ സഹായം തേടിയത്. ജീവിതം നാല് ടയറുകളിൽ കുരുങ്ങിപോകാതെ ഉൾക്കരുത്ത് കൊണ്ട് പരിമിതകളില്ലാതെ പറക്കാമെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുകയാണ് രേവതി ഇന്ന്.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!