ഇടുക്കി: വാഗമണ്ണിന്റെ നവ്യാനുഭവങ്ങൾക്കൊപ്പം ഇനി ഗ്ളാസ് ബ്രിഡ്ജിൽ (Vagamon Glass Bridge) കയറിയും ത്രില്ലടിക്കാം. രാജ്യത്തെ ഏറ്റവും നീളമേറിയ വിദേശ രാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള ഗ്ളാസ് ബ്രിഡ്ജിന്റെ നിർമാണമാണ് വാഗമണ്ണിൽ പൂർത്തിയായത്. വാഗമണ്ണിലെ കോലാഹലമേട്ടിൽ നിർമിച്ച ഗ്ളാസ് ബ്രിഡ്ജ് ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ഈ അത്യാധുനിക വിസ്മയം ഭാരത് മാതാ വെൻച്വോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള കിക്കി സ്റ്റാർസും ഡിടിപിസി ഇടുക്കിയും ചേർന്ന് മൂന്ന് മാസമെടുത്താണ് പൂർത്തിയാക്കിയത്. 120 അടിയാണ് പാലത്തിന്റെ നീളം. ഒരു തൂണിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിർമാണം. ഭൂമിയിൽ നിന്ന് 150 അടി ഉയരത്തിലാണ് ബ്രിഡ്ജിന്റെ നിർമാണം.
ഗ്ളാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേർക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് പാലത്തിൽ കയറുന്നതിനുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വാഗമണ്ണിലെ ഗ്ളാസ് ബ്രിഡ്ജ് സഞ്ചാരികൾക്ക് തുറക്കുന്നതോടെ കാന്റിലിവർ മോഡലിലുള്ള ബീഹാറിലെ 80 നീളമുള്ള ഗ്ളാസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഡിടിപിസി സെന്ററുകളിൽ പ്രതിദിനം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് വാഗമൺ മൊട്ടക്കുന്നും അഡ്വഞ്ചർ പാർക്കും.
ഗ്ളാസ് ബ്രിഡ്ജിന് പുറമെ റോക്കറ്റ് ഇൻജക്ടർ, ജയന്റ് സ്വിങ്, സിപ്ളൈൻ, സ്കൈ സൈക്ളിങ്, സ്കൈ റോളർ, ബംഗി ട്രംപോലൈൻ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവഴിച്ചത്. ഗ്ളാസ് ബ്രിഡ്ജിൽ നിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് നവ്യാനുഭവമാകും.
Most Read| വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 22 പൈസ വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്ഇബി




































