നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷൻ; സ്‌പ്രിങ്ക്ളർ റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ

By News Desk, Malabar News
Kerala govt hesitate to publish sprinklr report
Ajwa Travels

ചെന്നൈ: സ്‌പ്രിങ്ക്ളർ ഇടപാടിനെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാതെ സംസ്‌ഥാന സർക്കാർ. 2020 ഒക്‌ടോബർ 17നാണ് റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറിയത്. കമ്മീഷൻ ചെയർമാനും മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം മാധവൻ നമ്പ്യാർ നേരിട്ട് സെക്രട്ടറിയേറ്റിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും റിപ്പോർട്ട് കൈമാറിയത്.

അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾ അറിയണമെന്നും അതിന് വേണ്ട നടപടികളെടുക്കണമെന്നും കമ്മീഷൻ സർക്കാരിനോട് വ്യക്‌തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് കിട്ടി മൂന്നാഴ്‌ച പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കമ്മീഷൻ സമർപ്പിച്ച 22 പേജുള്ള റിപ്പോർട്ടിൽ സർക്കാരിനെതിരെ നിശിത വിമർശനം ഉയർത്തുന്നുണ്ടെന്നാണ് സൂചന. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പുറത്തുനിന്നുള്ള ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങളിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു.

കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് ന്യായീകരിച്ചാലും വീഴ്‌ചകൾ ഗുരുതരമാണെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങളും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോവിഡ് 19 വിവരശേഖരണത്തിനും വിശകലനത്തിനുമായി 2020 മാർച്ച് 25നാണ് സംസ്‌ഥാന സർക്കാർ സ്‌പ്രിങ്ക്ളറുമായി കരാറിൽ ഏർപ്പെട്ടത്. തുടർന്ന് കരാർ വിവാദമായതോടെ ഏപ്രിൽ 22നാണ് കേരള സർക്കാർ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയത്. ആറ് മാസത്തോളം സമയമെടുത്താണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. സ്‌പ്രിങ്ക്ളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നില്ലെന്നും തീർത്തും സൗജന്യ സേവനമായിരുന്നെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, സംഭവം വിവാദമായതിനെ തുടർന്ന് നിയമിച്ച അന്വേഷണ കമ്മീഷനും ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും ലക്ഷങ്ങളാണ് സർക്കാർ ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്.

റിപ്പോർട്ട് പുറത്ത് വിടുമെന്ന് അന്വേഷണ കമ്മീഷന് സർക്കാർ ഉറപ്പ് നൽകിയതായാണ് വിവരം. അന്വേഷണ കമ്മീഷൻ ചെയർമാൻ ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ തയാറായില്ല. ഞങ്ങൾ ജോലി പൂർത്തിയാക്കി, ഇനി എന്ത് ചെയ്യണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. വിവര സുരക്ഷയുടെ കാര്യത്തിൽ വളരെ പ്രസക്‌തമായ ശുപാർശ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം’; കാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE