ലണ്ടൻ: അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ പിൻമാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.
യുകെ സർക്കാരിന്റെ പത്ത് ദിന നിർബന്ധിത ക്വാറന്റെയ്ൻ അടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിൻമാറിയതെന്ന് ഇംഗ്ളണ്ട് ഹോക്കി അസോസിയേഷൻ ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതോടെ ബ്രിട്ടണിൽ നിന്നെത്തുന്ന രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇന്ത്യയും പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിൻമാറ്റമെന്നും റിപ്പോർട്ടുകളുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2022 ജൂലൈയിൽ ഇംഗ്ളണ്ടിലെ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.
Also Read: കടം വാങ്ങിയ തുക തിരികെ നൽകിയില്ല, യുവാവിനെ വെട്ടിക്കൊന്നു; 5 പേർ പിടിയിൽ






































