ന്യൂഡെല്‍ഹി: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി രാജസ്‌ഥാന്‍ പോലീസ് ഡയറക്‌ടർ ജനറല്‍ എംഎല്‍ ലാതര്‍ പറഞ്ഞു. ജോധ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ട് ബലമുകുന്ദ് ബിസ്സ സര്‍ക്കിളില്‍ മതപരമായ കൊടി സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കല്ലേറിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജോധ്പൂരിലെ പല പ്രദേശങ്ങളും സംഘര്‍ഷഭരിതമായി തുടരുകയാണ്. പലയിടത്തും കല്ലേറും അക്രമങ്ങളും റിപ്പോര്‍ട് ചെയ്യപ്പെട്ടു. ഈദ് നിസ്‌കാരത്തിന് പോലീസ് സംരക്ഷണം ഒരുക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം ജോധ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നഗരത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുന്‍കരുതല്‍ എന്ന നിലയിലാണ് ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുമ്പോഴും ക്രമസമാധനം പുനഃസ്‌ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും സമാധാനം പാലിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ഗെഹ്‌ലോട്ട് ട്വീറ്റിൽ വ്യക്‌തമാക്കി.
Most Read: സൂറത്തിൽ ബിജെപി- ആം ആദ്‌മി സംഘർഷം; രണ്ടുപേർക്ക് പരിക്ക്