തിരുവനന്തപുരം: വർഗീയ പരാമർശവും മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വാർത്തകളും നൽകുന്ന നമോ ടിവി എന്ന യൂ ട്യൂബ് ചാനലിനെതിരെ കേസ്. ചാനൽ ഉടമ രഞ്ജിത്, അവതാരിക ശ്രീജ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 153എ വകുപ്പ് പ്രകാരം തിരുവല്ല പോലീസാണ് കേസെടുത്തത്. തിരുവല്ല എസ്എച്ച്ഒയ്ക്ക് ലഭിച്ച പരാതിയിൻമേലാണ് കേസ്.
വർഗീയ പരാമർശങ്ങൾ നിറഞ്ഞ വാർത്തകളാണ് തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നമോ ടിവി നിരന്തരം പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി നടത്തുന്ന ഇത്തരം വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ചാനലിനെതിരെ നടപടിയെടുത്തത്.
നമോ ടിവി എന്ന ഓണ്‍ലൈന്‍ ചാനലിനെ പേരെടുത്ത് പറഞ്ഞായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ ദുഷ്പ്രചാരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയ വിദ്വേഷം വര്‍ധിപ്പിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പോലീസും സൈബര്‍ സെല്ലും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
‘നമോ ടിവിയിലൂടെ ഒരു പെൺകുട്ടി പച്ചക്ക് വന്ന് തെറി പറയുകയാണ്. ഞാനത് അപ്പോൾ തന്നെ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് അയച്ചുകൊടുത്തു. ഒരു നടപടിയും ഉണ്ടായില്ല. പത്രമാദ്ധ്യമങ്ങൾ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. കേരളത്തിലാണ് ഒരു പെൺകുട്ടി സമൂഹ മാദ്ധ്യമത്തിൽ വന്ന് പച്ചത്തെറി പറഞ്ഞിരിക്കുന്നത്. എത്ര മോശമാണിത്. ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ പറഞ്ഞത്. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ല”; വിഡി സതീശന്റെ വാക്കുകൾ.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തികഞ്ഞ അശ്ളീലവും വർഗീയത നിറഞ്ഞതുമായ പരാമർശങ്ങളാണ് നമോ ടിവി എന്ന യൂ ട്യൂബ് ചാനൽ നടത്തുന്നതെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇതിന് മുൻപും അവതാരിക സമാനമായ വീഡിയോകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Also Read: രാഷ്ട്രീയപാർട്ടി രൂപീകരണം; മാതാപിതാക്കൾ ഉൾപ്പടെയുള്ളവർക്ക് എതിരെ വിജയ്