പത്തനംതിട്ട: മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനല്‍ നമോ ടിവിയുടെ ഉടമയെയും അവതാരകയെയും അറസ്‌റ്റ് ചെയ്‌തു. രഞ്‌ജിത് ടി എബ്രഹാം, ശ്രീജ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് തിരുവല്ല എസ്എച്ച്ഒയുടെ മുമ്പാകെ ഇവര്‍ കീഴടങ്ങിയത്.
സെപ്റ്റംബര്‍ 19നായിരുന്നു വിദ്വേഷ പ്രചരണം നടത്തുന്നു എന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്.
നമോ ടിവി എന്ന യൂട്യൂബ് ചാനലില്‍ അപ്‍ലോഡ് ചെയ്‌ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതും അശ്‌ളീല പരാമര്‍ശം ഉൾക്കൊള്ളുന്നതും ആയിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു സെപ്റ്റംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Most Read: വൈദ്യപരിശോധന കഴിഞ്ഞു; നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്