ന്യൂഡെല്‍ഹി: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും പറഞ്ഞു.
‘എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. ഇപ്പോള്‍ ഭയപ്പെടാന്‍ ഒരു കാരണമുണ്ട്. നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണം,’ സെന്‍ പറഞ്ഞു. അമര്‍ത്യ റിസര്‍ച്ച് സെന്ററിന്റെ ഉൽഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം കാണിക്കരുതെന്നും സെന്‍ പറഞ്ഞു. ‘എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം. ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന്റെ ആവശ്യമില്ല,’ സെന്‍ വ്യക്‌തമാക്കി.
ഇന്ത്യയ്‌ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്‍ട്രമായോ, മുസ്‌ലിം രാഷ്‍ട്രമായോ നിലയുറപ്പിക്കാന്‍ സാധിക്കില്ലെന്നും മനുഷ്യരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ ഏറിയതില്‍ പിന്നെ ചേരിതിരിവും മതപരമായ കലാപങ്ങളും വ്യാപകമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് അമര്‍ത്യാ സെന്നിന്റെ പ്രതികരണം.
ബിജെപി മുന്‍ വക്‌താവ് നുപുര്‍ ശര്‍മ അടുത്തിടെ ടൈംസ് നൗ ചാനലില്‍ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശം വലിയ വിവാദമായിരുന്നു. പ്രവാചക നിന്ദയ്‌ക്കെതിരെ രാജ്യത്ത് പല സംസ്‌ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സംഭവത്തിൽ സുപ്രീം കോടതിയും നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Most Read: അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ…; ഉദ്ധവ് താക്കറെ