അലിഗഡ് (യുപി): വിവാദ പ്രഭാഷകന്‍ യതി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് യുപി പോലീസ്. മദ്രസകളും അലിഗഢ് സര്‍വകലാശാലയും പൊളിക്കാന്‍ ആഹ്വാനം ചെയ്‌ത സംഭവത്തിലാണ് കേസ്.
‘മദ്രസ പോലെ ഒരു സ്‌ഥാപനം ഉണ്ടാകരുത്. ചൈന ചെയ്യുന്നത് പോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണം. എല്ലാ മദ്രസ വിദ്യാര്‍ഥികളെയും ക്യാമ്പുകളിലേക്ക് അയക്കണം. അങ്ങനെ അവരുടെ തലച്ചോറില്‍ നിന്ന് ഖുറാന്‍ എന്ന വൈറസ് നീക്കം ചെയ്യണം’ എന്നായിരുന്നു ഇയാളുടെ ഒരു വിവാദ പ്രസ്‌താവന.
ഞായറാഴ്‌ച അലിഗഢില്‍ ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇയാളുടെ പ്രസ്‌താവന ഉണ്ടായത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല പൊട്ടിത്തെറിക്കണമെന്നും അതിലെ വിദ്യാര്‍ഥികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കണമെന്നും അവരുടെ തലച്ചോറിന് ചികിൽസ നല്‍കണമെന്നും യതി നരസിംഹാനന്ദ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെയും യതി നരസിംഹാനന്ദ വിമര്‍ശനം ഉന്നയിച്ചു. ‘രാഹുല്‍ ഗാന്ധി ജിഹാദികള്‍ക്കൊപ്പമാണ്, ഉത്തര്‍പ്രദേശില്‍ ജയിക്കാന്‍ കഴിയാതെ കേരളത്തില്‍ പോയി വയനാട്ടില്‍ മൽസരിച്ചു. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ ബന്ധിപ്പിക്കണമെങ്കില്‍, മഹാത്‌മാ ഗാന്ധി നിര്‍മിച്ച പാകിസ്‌ഥാനിലേക്കും ബംഗ്ളാദേശിലേക്കും പോകണം. ആദ്യം പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ മറ്റെല്ലാവരും അദ്ദേഹത്തോടൊപ്പം ചേരും,’ നരസിംഹാനന്ദ പറഞ്ഞു.
കടുത്ത മുസ്‌ലിം വിരോധമുള്ള പ്രയോഗങ്ങള്‍ ഇയാൾ നിരന്തരം നടത്താറുണ്ട്. എപിജെ അബ്‌ദുൾ കലാം ജിഹാദിയാണെന്നും ആണവ രഹസ്യം പാകിസ്‌ഥാന് ചോര്‍ത്തിയെന്നും ഇയാൾ മുൻപ് പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിനു മുസ്‌ലിം ബാലനെ മര്‍ദ്ദിച്ച ക്ഷേത്രത്തിലെ പുരോഹിതനാണ് ഹിന്ദുത്വ നേതാവായ യതി നരസിംഹാനന്ദ സരസ്വതി.
കഴിഞ്ഞ വര്‍ഷം ഹരിദ്വാറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇയാൾ അറസ്‌റ്റിലായിരുന്നു. അന്ന് മഹാത്‌മാ ഗാന്ധിക്കെതിരെ ആയിരുന്നു വിവാദ പരാമർശം. ഒരു കോടി ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദി മഹാത്‌മാ ഗാന്ധി ആണെന്ന പ്രസ്‌താവനയാണ് അന്ന് കേസിലേക്ക് നയിച്ചത്.
Most Read: ജനങ്ങളെ പ്രതികൂലമായി ബാധിക്കും; ബഫർ സോണിൽ പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം