ലണ്ടൻ: വിദ്വേഷ പ്രചാരണങ്ങളിൽ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയർ അശോക് ചാന്ദ്വാനി ആണ് രാജിവച്ചത്. യുഎസിലും ആഗോള തലത്തിലും വിദ്വേഷത്തിൽ നിന്ന് ലാഭം നേടുന്ന ഒരു സ്ഥാപനത്തിന് ഇനിയും സംഭാവന നൽകാൻ സാധിക്കില്ലെന്ന് ചാന്ദ്വാനി പറഞ്ഞു.
കെനോഷ, വിസ്കോൻസിൻ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകൾ, മ്യാൻമർ വംശഹത്യ, ട്രംപിന്റെ ‘കൊള്ളയടിക്കൽ ആരംഭിക്കുമ്പോൾ വെടിവെപ്പ് തുടങ്ങുന്നു’ എന്നീ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ചാന്ദ്വാനി ആരോപിച്ചു.
കഴിഞ്ഞ ഒരുമാസത്തിനിടെ സമാന ആരോപണവുമായി നിരവധി ജീവനക്കാർ ഫേസ്ബുക്കിൽ നിന്ന് രാജിവച്ചിരുന്നു. ട്രംപിന്റെ വെടിവെപ്പ് പോസ്റ്റ് പിൻവലിക്കില്ലെന്ന് സി.ഇ.ഒ മാർക്ക് സുക്കർബർഗ് അറിയിച്ചതിന് ശേഷം മാത്രം ഒരാഴ്ചക്കിടെ മൂന്നു പേരാണ് രാജിവച്ചത്.
ഇന്ത്യയിൽ ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നയങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ജീവനക്കാരുടെ രാജി. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന് നേരത്തെ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രചരണ പോസ്റ്റുകളിൽ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബി.ജെ.പി നേതാക്കൾക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നു എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹനെ ശശി തരൂർ എംപി അദ്ധ്യക്ഷനായ ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി വിളിച്ചുവരുത്തിയിരുന്നു.







































