ന്യൂഡെൽഹി: ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ടിടിഇ ബലംപ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി. ഡെൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം- നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിക്കാണ് ദുരനുഭവമുണ്ടായത്.
മങ്കേഷിനെ ടിടിഇ മുകേഷ് കുമാർ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം തുടങ്ങി. വഡോദരയിൽ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കൻഡ് എസി കോച്ചിൽ കയറിയത്. രാജസ്ഥാനിലെ കോട്ടയിൽ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന ശുചിമുറിയെ കുറിച്ച് ടിടിഇയോട് മങ്കേഷ് പരാതി പറഞ്ഞത്.
ടിടിഇ ശുചീകരണ തൊഴിലാളികളെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ, വൃത്തിഹീനമായ ശുചിമുറിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മങ്കേഷിനെ ടിടിഇ ആക്രമിച്ചു. പിന്നാലെ ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് 139 എന്ന റെയിൽവേ ഹെൽപ്ലൈനിൽ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് മങ്കേഷ് പറയുന്നു.
സംഭവം നടന്നതായി കോട്ടയിലെ റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ സൗരഭ് ജെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. രത്ലം റെയിൽവേ സ്റ്റേഷനിൽ മങ്കേഷ് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം റിപ്പോർട് ഡെൽഹി ഹെഡ്ക്വാർട്ടേഴ്സിൽ നൽകും. ടിടിഇക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് തീരുമാനമെടുക്കുമെന്ന് ജെയ്ൻ പറഞ്ഞു. ഡെൽഹിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒട്ടേറെ മലയാളികൾ ആശ്രയിക്കുന്ന ട്രെയിനാണിത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































