മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള ആളുകളാണ് തട്ടിപ്പിന് ഇരയായതെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷക ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതി നൽകിയവർ വ്യക്തമാക്കുന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ഇവർ മുൻകൂറായി പണം സ്വീകരിക്കുകയായിരുന്നു. കൂടാതെ തീരദേശത്തെ വിവിധ കേസുകളിലും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഇവർ ഇടപെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഇരയായ ആളുകൾ നിരവധി തവണ പോലീസിന് പരാതി നൽകിയിട്ടും നടപടികൾ ഒന്നുമുണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയത്. ചില കേസുകളിൽ പോലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകി കേസ് ഒത്തുതീർപ്പാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയെയും, ഡിജിപിയെയും സമീപിക്കാനാണ് പരാതിക്കാരുടെ തീരുമാനം.
Read also: നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ





































